കൊല്ലം: വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ എസ്എന്‍ഡിപി യോഗം നേതാവ് വെളളാപ്പളളി നടേശനെ സന്ദര്‍ശിച്ചതിനെ പരിഹസിച്ച് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. കെ.എ. ആബിദ് അലി. യുഡിഎഫ് അധികാരത്തിലെത്തിയതില്‍ മുഖ്യമന്ത്രി വി.ഡി. സതീശനോടൊപ്പം തന്നെ പ്രധാന്യം അര്‍ഹിക്കുന്നയാളാണ് വെളളാപ്പളളി എന്ന സമുദായ നേതാവെന്നും അങ്ങനൊരു മഹാ മാന്ത്രികനെ ബിന്ദു കൃഷ്ണ കണ്ടതില്‍ തെറ്റൊന്നുമില്ല എന്നുമാണ് ആബിദ് അലിയുടെ പരിഹാസം.
"102 സീറ്റോടുകൂടി യുഡിഎഫിനെ അധികാരത്തില്‍ എത്തിക്കുന്നതില്‍ വി.ഡി. സതീശനോടൊപ്പം തന്നെ പ്രാധാന്യം അര്‍ഹിക്കുന്ന മറ്റൊരു പേരാണ് വെളളാപ്പളളി നടേശന് എന്ന സമുദായ നേതാവിന്റേത്. അങ്ങനെയൊരു മഹാ മാന്ത്രികനെ ബിന്ദു കൃഷ്ണ കണ്ടതിലും കുമ്പിട്ടതിലും എനിക്ക് തെറ്റൊന്നും കാണാന്‍ കഴിയുന്നില്ല'- ആബിദ് അലി ഫേസ്ബുക്കില്‍ കുറിച്ചു.
കഴിഞ്ഞ ദിവസമാണ് മന്ത്രി ബിന്ദു കൃഷ്ണ വെളളാപ്പളളി നടേശന്റെ വസതിയിലെത്തി കണ്ടത്. വെളളാപ്പളളിയുടെ മുന്നില്‍ ബിന്ദു കൃഷ്ണ കൈകൂപ്പി നില്ക്കുന്നതും അദ്ദേഹം തലയില്‍ കൈവെച്ച് അനുഗ്രഹിക്കുന്നതുമായ ചിത്രം വെളളാപ്പളളി ഫേസ്ബുക്കില്‍ പങ്കുവച്ചിരുന്നു.
അതിന് പിന്നാലെ മന്ത്രിക്കെതിരെ വ്യാപക വിമര്‍ശനമാണ് ഉയര്‍ന്നത്. വിദ്വേഷ പരാമര്‍ശങ്ങള്‍ നടത്തിയ വെളളാപ്പളളിയെ കൂടെ നിര്‍ത്തിയതിന് എതിരെ കൂടിയാണ് തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ വിധിയെഴുതിയതെന്നും ബിന്ദു കൃഷ്ണ അത് മറക്കരുതെന്നുമാണ് സമൂഹമാധ്യമങ്ങളില്‍ ഉയരുന്ന വിമര്‍ശനം.